കാഞ്ഞങ്ങാട്: നവകേരളം സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലംതല കര്‍മസമിതി അംഗങ്ങള്‍ക്കുളള ദ്വിദിന പരിശീലനം കാഞ്ഞങ്ങാട് കില പരിശീലന കേന്ദ്രത്തില്‍ ആരംഭിച്ചു.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, മടിക്കൈ, പള്ളിക്കര, അജാനൂര്‍ പഞ്ചായത്തുകളിലെ വോളന്റിയര്‍മാര്‍ക്കുള്ള ആദ്യഘട്ട പരിശീലനമാണ് നടന്നത്. ജില്ലാ ഇന്‍ഫർമേഷന്‍ ഓഫീസര്‍ എം. മധുസൂദനന് ആമുഖഭാഷണം നടത്തി. കിലയുടെ പരിശീലകന്മാരായിട്ടുള്ള പപ്പന് കുട്ടമത്ത്, ജില്ലാ നിര്‍വഹണ സമിതി അംഗം കെ. അനില്‍കുമാര്‍ എം. വേണുഗോപാല്‍, രേഷ്മ ബാലന്, കെ.കെ. രാഘവന് എന്നിവര്‍ ക്ലാസ് നയിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ പ്രസംഗിച്ചു.
സന്നദ്ധപ്രവര്‍ത്തകര്‍ ഓരോ വാര്‍ഡിലുമുള്ള വീടുകള്‍, ഫ്ലാറ്റുകള്‍, മറ്റ് താമസസ്ഥലങ്ങള്‍, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, തൊഴില്‍ശാലകള്‍, കുടുംബശ്രീ, തൊഴിലുറപ്പ് കൂട്ടായ്മകള്‍, ബസ്, ഓട്ടോ, ടാക്സി സ്റ്റാന്‍ഡുകള്‍, വായനശാലകള്‍, ക്ലബുകള്‍ തുടങ്ങി വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തി പഠന റിപ്പോര്‍ട്ട് തയാറാക്കും. ഓരോ വാര്‍ഡിലും നാലു സന്നദ്ധപ്രവര്‍ത്തകരെയാണ് ഇതിനായി നിയോഗിക്കുന്നത്.
പ്രതിഫലം കൂടാതെ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് അംഗീകാരസൂചകമായി അനുമോദനപത്രം നല്‍കും. മാര്‍ച്ച് 31നകം പഠന റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. തങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും സർക്കാരിലേക്ക് എത്തിക്കാനും നവകേരള സൃഷ്ടിയില്‍ പങ്കുചേരാനും ഇതിലൂടെ ഓരോ പൗരനും അവസരം ലഭിക്കും. പടുവളത്ത് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ സെന്ററിലും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വനിതാ പരിശീലന കേന്ദ്രം പൊവ്വലിലും നടന്നുവന്ന കര്‍മസമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. 26നു മറ്റു കേന്ദ്രങ്ങളില്‍ പരിശീലനം നടക്കും.